Monday, June 8, 2009


ആര്‍എസ്‌എസില്‍ യോജിപ്പിന്റെ മേഖലകള്‍: ജ:കെ.ടി.തോമസ്‌
നാഗ്പൂര്‍: ആര്‍എസ്‌എസിനെതിരെ യാതൊരു മുന്‍വിധികളും തനിക്കില്ലെന്ന്‌ ജസ്റ്റിസ്‌ കെ.ടി.തോമസ്‌. രേശംബാഗില്‍ ആര്‍എസ്‌എസ്‌ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന്റെ സമാപനപരിപാടിക്ക്‌ അയച്ചുകൊടുത്ത സന്ദേശത്തിലാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌. ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനങ്ങളെയും പരിപാടികളെയും തുറന്ന മനസ്സോടെയാണ്‌ താന്‍ സമീപിക്കുന്നത്‌. വിയോജിപ്പിനേക്കാളേറെ യോജിപ്പിന്റെ വിശാലമായ മേഖലകളാണ്‌ ഈ സംഘടനയില്‍ തനിക്ക്‌ കണ്ടെത്താനായതെന്ന്‌ ജസ്റ്റിസ്‌ കെ.ടി.തോമസ്‌ ചൂണ്ടിക്കാട്ടി.വിമര്‍ശനത്തേക്കാളേറെ ആദരവാണ്‌ സംഘപ്രവര്‍ത്തനങ്ങളോടുള്ളത്‌. ‘ഭാരതം ഒന്ന്‌, ഭാരതീയരൊന്ന്‌’ എന്ന ആര്‍എസ്‌എസിന്റെ ആശയത്തെ യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്‌. ഭാരതത്തെ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാക്കി നിലനിര്‍ത്താന്‍ വേണ്ടുന്ന പരിശ്രമങ്ങള്‍ ഭരണഘടനാ നിര്‍മാണ വേളയില്‍ നടന്നു. ഏകീകൃത സിവില്‍ നിയമം ആവശ്യപ്പെടുന്ന 44-ാ‍ം വകുപ്പ്‌ അതിന്റെ ഭാഗമാണ്‌. എന്നാല്‍ അതിനുവേണ്ടിയുള്ള വാദങ്ങളെ വര്‍ഗീയമെന്ന്‌ മുദ്ര കുത്തുകയാണ്‌ പ്രഖ്യാപിത മതേതരവാദികള്‍ ചെയ്യുന്നത്‌. ‘ഞാന്‍ ആദ്യം ഒരു ഭാരതീയനാണ്‌’ എന്ന്‌ അഭിമാനത്തോടെ അവകാശപ്പെടുന്നവ എത്ര ഭാരതീയരുണ്ട്‌ എന്നതാണ്‌ ഇന്നത്തെ ചോദ്യമെന്ന്‌ ജസ്റ്റിസ്‌ തോമസ്‌ പറഞ്ഞു.ന്യൂനപക്ഷ സമുദായക്കാരനായതിന്റെ പേരില്‍ ഈ നാട്ടില്‍ ആര്‍ക്കെങ്കിലും അരക്ഷിതാവസ്ഥയുണ്ടെന്ന്‌ താന്‍ കരുതുന്നില്ല. എണ്ണംകൊണ്ട്‌ ഏറ്റവും ചെറിയ മതവിഭാഗത്തില്‍പ്പെട്ട തനിക്ക്‌ ഇതുവരെ അത്തരമൊരു അസ്തിത്വ പ്രതിസന്ധിയുണ്ടായിട്ടില്ല. അത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്നവരോട്‌ ആദ്യം ഭാരതീയനെന്ന നിലയില്‍ ചിന്തിക്കണമെന്നാണ്‌ പറയാനുള്ളത്‌. മതവിശ്വാസം പൗരബോധത്തെ ഹനിക്കുന്നതാവരുത്‌. അത്‌ തീര്‍ത്തും സ്വകാര്യമാവണമെന്നതാണ്‌ തന്റെ അഭിപ്രായമെന്ന്‌ ജസ്റ്റിസ്‌ തോമസ്‌ പറഞ്ഞു.

No comments:

Post a Comment